06:39am 09 November 2026
NEWS
മിനിറ്റുകൾക്കുള്ളിൽ ബോർഡിംഗ്;ഹമദ് വിമാനത്താവളത്തിൽ ഫാസ്റ്റ് ട്രാക്ക് സംവിധാനം
06/08/2026  12:18 PM IST
nila
മിനിറ്റുകൾക്കുള്ളിൽ ബോർഡിംഗ്;ഹമദ് വിമാനത്താവളത്തിൽ ഫാസ്റ്റ് ട്രാക്ക് സംവിധാനം

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (HIA) യാത്രക്കാരുടെ യാത്രാ നടപടിക്രമങ്ങൾ വേഗത്തിലാക്കാനും ലളിതമാക്കാനും ലക്ഷ്യമിട്ട് ഖത്തർ എയർവേയ്‌സുമായി സഹകരിച്ച് നടപ്പിലാക്കിയ ബയോമെട്രിക് 'ഫാസ്റ്റ് ട്രാക്ക്' (Fast Track) സേവനത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടു. എസ്.ഐ.ടി.എ (SITA) ടെക്നോളജിയുടെ സഹകരണത്തോടെ കഴിഞ്ഞ ജൂലൈ മുതൽ ആരംഭിച്ച ഈ സംവിധാനം മുഖം തിരിച്ചറിയൽ (Facial Recognition) സാങ്കേതികവിദ്യയാണ് പ്രയോജനപ്പെടുത്തുന്നത്.
​യാത്രക്കാർക്ക് കടലാസ് രേഖകളുടെ പരിശോധന പരമാവധി കുറച്ച് എളുപ്പത്തിൽ യാത്രാ നടപടികൾ പൂർത്തിയാക്കാൻ ഇതുവഴി സാധിക്കും. ഭാവിയിൽ ഭിന്നശേഷിക്കാരായ യാത്രക്കാർക്കും ഈ സേവനം ലഭ്യമാക്കും.
ഖത്തർ എയർവേയ്‌സ് യാത്രക്കാർക്ക് മാത്രമാണ് നിലവിൽ ഈ സേവനം ലഭ്യമാകുക.
​യാത്ര ആരംഭിക്കുന്നത് ദോഹയിൽ നിന്നായിരിക്കണം.
​സാധുവായ പാസ്‌പോർട്ട് ഉണ്ടായിരിക്കണം.
​അപേക്ഷകന് 18 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം.വിമാനത്താവളത്തിലെ സെൽഫ് സർവീസ് ചെക്ക്-ഇൻ കിയോസ്‌കുകൾ വഴിയോ ഖത്തർ എയർവേയ്‌സ് ആപ്പ് വഴിയോ ഏതാനും സെക്കൻഡുകൾക്കുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാം. രജിസ്റ്റർ ചെയ്ത ശേഷം ചെക്ക്-ഇൻ, ബാബേജ് ഡ്രോപ്പ്-ഓഫ്, സെക്യൂരിറ്റി സ്ക്രീനിംഗ്, ബോർഡിംഗ് ഗേറ്റുകൾ എന്നിവിടങ്ങളിൽ മുഖം കാണിച്ച് യാത്രക്കാർക്ക് മുന്നോട്ട് പോകാം.
​തിരക്കേറിയ യാത്രാ സീസണുകളിൽ ക്യൂവിൽ നിൽക്കുന്നത് ഒഴിവാക്കാൻ ഇത് ഏറെ സഹായകരമാണ്. അതേസമയം, ഫാസ്റ്റ് ട്രാക്ക് തികച്ചും ഐച്ഛികമാണ് (Optional). സാധാരണ രീതിയിൽ പാസ്‌പോർട്ടും ബോർഡിംഗ് പാസും ഉപയോഗിച്ച് ജീവനക്കാരുടെ സഹായത്തോടെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും ലഭ്യമാണ്.ബയോമെട്രിക് ക്യാമറകൾക്ക് വിവരങ്ങൾ കൃത്യമായി തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യമുണ്ടായാൽ കാണിക്കുന്നതിനായി യാത്രക്കാർ പാസ്‌പോർട്ട് കൈയിൽ കരുതേണ്ടതുണ്ട്.
​രജിസ്റ്റർ ചെയ്ത യാത്രക്കാരുടെ ഐഡന്റിറ്റി ഉറപ്പാക്കാൻ മാത്രമാണ് ഓട്ടോമേറ്റഡ് ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. രജിസ്റ്റർ ചെയ്യാത്ത യാത്രക്കാരുടെ വിവരങ്ങൾ ക്യാമറയിൽ പതിഞ്ഞാൽ പോലും അവ ഉടൻ തന്നെ സിസ്റ്റത്തിൽ നിന്ന് ഒഴിവാക്കപ്പെടുമെന്നും സ്വകാര്യത പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്നും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img